English Club

SCHOOL ENGLISH CLUB

Speak 2 the people - A different approach in English Teaching



ഭാഷ പഠിക്കുന്നതില്‍ നാലു പടികളാണ് ഉള്ളത്. ശ്രവണം, സംസാരം, വായന, എഴുത്ത് (Listening, Speaking, Reading, Writing) ഇവ യഥാക്രമം നടപ്പിലാക്കിയാല്‍ മാത്രമേ നമ്മുടെ കുട്ടികള്‍ ഭാഷാ പഠനത്തില്‍ മുന്നിലേത്തൂ. എന്നാല്‍ പലപ്പോഴും - പ്രത്യേകിച്ചും ഇംഗ്ലീഷ് അധ്യയനത്തിന്റെ കാര്യത്തില്‍ - ആദ്യത്തെ രണ്ടു പടികളും ഒഴിവാക്കി വായന, എഴുത്ത് - എന്നിവയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ അവര്‍ പിന്നോട്ടു പോകുന്നു.
ഈ പ്രശ്നം മറികടക്കാനായി മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഇംഗ്ലീഷ് അധ്യയനത്തില്‍ വേറിട്ട ആശയവുമായി കടന്നു വന്നിരിക്കുകയാണ്.
സ്പീക്ക് ടു ദി പീപ്പിള്‍ -
ഏറെ വിജയകരമായി അവര്‍ നടപ്പാക്കിയ പ്രോജക്ടും അതു നടപ്പാക്കിയ വഴിയും ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏറെ പേര്‍ക്ക് ഇതു പ്രചോദനമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട് .

Speak 2 the people – വേറിട്ട ഒരാശയം

ഇംഗ്ലീഷ് എഴുത്ത് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ (Oral communication)- ല്‍ മടികൂടാതെ പങ്കെടുക്കുന്നതായി കാണുന്നില്ല. കുട്ടികളില്‍ സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ ഉള്ള ആത്മവിശ്വാസകുറവാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ക്ലാസില്‍ നാം നല്‍കുന്ന പ്രചോദനം പലപ്പോഴും ക്ലാസ് തീരുന്നത് വരെ മാത്രം നിലനില്‍ക്കുന്നു എന്നത് കൊണ്ടുതന്നെ ഫലപ്രദമായ ഇടപെടലിന്റെ ആവശ്യകതയെകുറിച്ച് ചര്‍ച്ചകള്‍ വന്നു.ഇതില്‍ നിന്നാണ് കുട്ടികള്‍ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ പരിശീലനം (Public Speaking Training) നല്‍കുക എന്ന ആശയം ഉയര്‍ന്നു വന്നത്.


എന്തെല്ലാം ചെയ്തു?

ചെറിയ ഒരു പ്രസംഗ പരിപാടിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ താല്‍പര്യമുള്ള 24 കുട്ടികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് സ്കൂള്‍l സമയത്തിനു ശേഷവും ഒഴിവു ദിവസങ്ങളിലും soft-skill trainers-ന്റെ സഹായത്തോടെ ആത്മവിശ്വാസം വരുത്താനും നല്ല പ്രാസംഗകരാക്കാനും വേണ്ട skills നേടാനും നിരന്തരം പ്രവര്‍ത്തനോന്മുഖമായി ക്ലാസുകള്‍ നല്‍കി. ഓരോക്ലാസുകള്‍ കഴിയുമ്പോഴും കുട്ടികളുടെ ആത്മവിശ്വസം ഉയരുന്നത് അവരുടെ പെരുമാറ്റത്തിലും പ്രകടനത്തിലും ഞങ്ങള്‍ക്കു ദര്‍ശിക്കാനായി. 22 മണിക്കൂര്‍ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടികള്‍ confidence level-ല്‍ അത്ഭുതകരമായ പുരോഗതി കാണിച്ചു.

ഇനി ?

പിന്നെ ഇവര്‍ക്ക് ഒരു പൊതു പ്രസംഗവേദി നല്‍കുക എന്നതായി അടുത്ത ലക്ഷ്യം. പരിപാടിക്കൊരു പേരു നല്‍കി. ''SPEAK 2 THE PEOPLE'' ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന സന്ദേശവുമായി സ്വതന്ത്ര ഇന്ത്യ ഇന്ന് എന്ന വിഷയത്തെ കുറിച്ച് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പഞ്ചായത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ പ്രസംഗിക്കാനുള്ള പരിപാടിയായി ഈ കുട്ടികള്‍ക്ക് സ്വീകരണ വേദിയും അനുമോദനവും നല്‍കാമെന്നേറ്റ് ഈ പ്രദേശങ്ങളിലെ യുവജന Arts & Sports Club- കള്‍ രംഗത്തെത്തി. അലങ്കരിച്ച മിനി ലോറിയില്‍ ഈ കൊച്ചു പ്രഭാഷകര്‍ നാടുനീളെ ‘സ്വതന്ത്ര ഇന്ത്യ ഇന്ന്’ എന്ന സന്ദേശവുമായി ഇംഗ്ലീഷ് പ്രസംഗിച്ചു കൊണ്ടുള്ള യാത്ര ! മലയാളം തര്‍ജ്ജമയുമായി മറ്റൊരു കൂട്ടര്‍ കൂടെ! അകമ്പടിയായി വിവിധ വാഹനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും! നാടാകെ ഈ കുരുന്നുകളുടെ ‘ഇംഗ്ലീഷില്‍’ വിസ്മയം കൊണ്ടു.

ആവേശം അടങ്ങുന്നില്ല !

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിനന്ദന പ്രവാഹമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും കുട്ടികള്‍ക്കനുമോദനവുമായി എത്തി. Social Networking Media- ല്‍ Like കളുടെ പ്രവാഹം. ഈ കുട്ടികളുടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു. '' ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അത് ദര്‍ശിക്കാനാവും''.

തീര്‍ന്നില്ല

ഈ പരിപാടിയില്‍ പങ്കെടുത്ത 24 കുട്ടികള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കുട്ടികള്‍ക്കുകൂടി പലതരത്തിലുള്ള വ്യക്തിത്വ വികസന വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ National High School-ലെ English Club ഒരുങ്ങികഴിഞ്ഞു.ഇത്തരമൊരു തുടര്‍പ്രവര്‍ത്തനത്തിലൂടെ ആശയ പ്രകടനത്തിന് ആത്മവിശ്വസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി N H S ലെ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുകയാണ്.

വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ പലപ്പോഴും പുറത്തറിയാറില്ല എന്നതു ഇതിലെ ദുഃഖ സത്യവുമാണ്. ‌ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഒരു അവസരമായി അതു മാറും. ഏറെ പേര്‍‌ക്ക് അതു പ്രചോദനമേകും.

ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ എഴുതാന്‍ കഴിയുകയും എന്നാല്‍ സംസാരത്തില്‍ പിന്നോട്ടു പോവുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെ സ്കൂളുകളിലും ഇല്ലേ ? അത്തരത്തില്‍ ഏതാനും കുട്ടികളെയെങ്കിലും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടു വരാന്‍ ഇതു വായിക്കുന്ന അധ്യാപകര്‍ക്കു തോന്നുകയാണെങ്കില്‍ , ഈ പോസ്റ്റു വായിക്കുമ്പോള്‍‌ നമുക്കു തോന്നുന്ന ആവേശം അതിലെ ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ നമുക്കു പ്രചോദനമാവുകയാണെങ്കില്‍, ഏതാനും അധ്യാപകരെങ്കിലും അതിനു തയാറാവുകയാണെങ്കില്‍ - ഒരു വലിയ മുന്നേറ്റത്തിനു തുടക്കമിടുകയായിരിക്കും അതിലൂടെ ചെയ്യുക..